Sunday 18 December 2011

യുട്യൂബ് സ്‌കൂള്‍: കുട്ടികള്‍ക്ക് മാത്രം



-ബി.എസ്. ബിമിനിത്‌



സ്വന്തമായി ഒരു വൈഫൈ കണക്ഷന്‍. എല്ലാ വിദ്യാര്‍ഥികള്‍ക്കും ലാപ്‌ടോപ്പ്, ഒപ്പം ഇന്റര്‍നെറ്റ് ലഭിക്കാന്‍ ഒരു യൂസര്‍ ഐഡി. ഐ.ഐ.ടിയോ ഐ.ഐ.എമ്മോ സന്ദര്‍ശിക്കേണ്ട, നമുക്കു ചുറ്റുമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും അടിമുടി മാറിക്കഴിഞ്ഞു. എണ്‍പതുകളുടെ ആദ്യം ജനിച്ചവരെ പോലെ രണ്ടാമതു പോയി കമ്പ്യൂട്ടര്‍ പഠിക്കേണ്ടി വന്നവരല്ല, സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസത്തോടൊപ്പം തന്നെ കമ്പ്യൂട്ടറും ഇന്റര്‍നെറ്റുമൊക്കെ പരിചയിച്ചവരാണ് പുതിയ തലമുറ.


പക്ഷേ , ഇന്റര്‍നെറ്റിനെ സംശയദൃഷ്ടിയോടെ നോക്കിക്കാണുന്നവരാണ് മുതിര്‍ന്നവര്‍. ഈ സാഹചര്യത്തില്‍ ഹൈടെക് ക്ലാസ്‌റൂമുകള്‍ക്കു വേണ്ടി യൂട്യൂബ് തുടങ്ങിയ പുതിയ വിഭാഗത്തെക്കുറിച്ചു പറയുമ്പോള്‍ ചില കാര്യങ്ങള്‍ തുടക്കത്തില്‍ തന്നെ വ്യക്തമാക്കേണ്ടതുണ്ട്.


ക്ലാസ് റൂമില്‍ യൂട്യൂബ് എന്നു കേട്ടാല്‍ നെറ്റി ചുളിക്കുന്നവര്‍ നിരവധിയുണ്ടാകും. പ്രൈമറി തലം മുതല്‍ സ്‌കൂളില്‍ യൂട്യൂബ് അനുവദിക്കുക എന്നു പറഞ്ഞാല്‍ അംഗീകരിക്കാനും പലര്‍ക്കും ബുദ്ധിമുട്ടായിരിക്കും. എന്നാല്‍, വിദ്യാഭ്യാസ സംബന്ധമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ വേണ്ടി മാത്രം യൂട്യൂബ് ഒരുക്കിയ പ്രത്യേക സംവിധാനത്തേക്കുറിച്ച് കേള്‍ക്കുമ്പോള്‍ ഏത് കടുംപിടുത്തക്കാരന്റെ മനസ്സും ഒന്നലിയും.

www.youtube.com/schools
 നെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. പുതുപുത്തന്‍ വീഡിയോ ആല്‍ബങ്ങളോ മസാലകളോ പ്രലോഭിപ്പിക്കാത്ത ഒരു യൂട്യൂബ് പേജ്. യൂട്യൂബിലെ ഇതര മേഖലകളുടെ ലിങ്കുകളൊന്നുമില്ലാത്ത പ്രത്യേക വിഭാഗം. അതുകൊണ്ടു തന്നെ ഇവയൊഴികെ മറ്റെല്ലാ യൂട്യൂബ് വീഡിയോകളും അധികൃതര്‍ക്ക് ബ്ലോക്കു ചെയ്യാം. ഗൂഗിള്‍ നല്‍കുന്ന വാഗ്ദാനങ്ങള്‍ ഇവയൊക്കെയാണ്.


യൂട്യൂബിലെ ഈ ലിങ്കില്‍ ചെന്നാല്‍ പ്രൈമറി സ്‌കൂള്‍, മിഡില്‍ സ്‌കൂള്‍, ഹൈ സ്‌കൂള്‍ എന്നീ വിഭാഗങ്ങളില്‍ ഏത് വിദ്യാഭ്യാസ സ്ഥാപനത്തിനും സ്വന്തമായി ചാനലുണ്ടാക്കാം. വീഡിയോകളുടെ പ്ലേലിസ്റ്റുകള്‍ പോസ്റ്റു ചെയ്യാം. മറ്റു സ്ഥാപനങ്ങള്‍ അപ്‌ലോഡു ചെയ്ത വിദ്യാഭ്യാസ സംബന്ധിയായ വീഡിയോകള്‍ കാണാം. ചെലവില്ലാതെ സൗജന്യമായി വെര്‍ച്വല്‍ ക്ലാസ് റൂമുകള്‍ തയ്യാറാക്കാം. പ്രൈമറി സ്ഥാപനങ്ങളാണെങ്കില്‍ ഒരു ഇന്റര്‍നെറ്റ് കണക്ഷനും സാമാന്യം വലിയ ഒരു പ്രൊജക്ടറും (ടെലിവിഷനായാലും മതി) ഉണ്ടെങ്കില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്ലാസുകള്‍ നമുക്കു മുന്നില്‍ റെഡി.


യൂട്യൂബ് സ്‌കൂള്‍സുകൊണ്ടുള്ള ഗുണം വിദ്യാര്‍ഥികള്‍ക്കുമാത്രമല്ല അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും കൂടിയാണ്. വിഷയങ്ങള്‍ സെര്‍ച്ച് ചെയ്യാനുള്ള സംവിധാനം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ അധ്യാപകരുടെ ക്ലാസുകള്‍. വിദഗ്ധരുടെ പ്രസന്റേഷനുകള്‍. അങ്ങനെ വേണ്ടതില്‍ കൂടുതലുണ്ട് യൂട്യൂബ് സ്‌കൂളില്‍. ഇനി എന്തൊക്കെ തിരഞ്ഞെടുക്കണമെന്നും കുട്ടികള്‍ക്കുമുമ്പില്‍ അവതരിപ്പിക്കണമെന്നും നമ്മള്‍ തീരുമാനിച്ചാല്‍ മതി. 

6 comments:

  1. വളരെ യാദൃശ്ചികമായാണിവിടെയെത്തിപ്പെട്ടത്. ആരുടെയും കമന്റുകള്‍ കാണുന്നില്ല. ഇത്രയും ഉപയോഗപ്രദമായ ഒരു കാര്യത്തെപ്പറ്റി എന്തേ ആരും ചര്‍ച്ച ചെയ്യാന്‍ വന്നില്ല?.ഞാനല്‍ഭുതപ്പെട്ടു പോയി.

    ReplyDelete
  2. വളരെ നല്ല ബ്ലോഗ്.., തുടരുക..

    ReplyDelete
  3. ഉപകാരപ്രദമായ വിവരങ്ങള്‍ . നന്ദി

    ReplyDelete
  4. This comment has been removed by the author.

    ReplyDelete
    Replies
    1. This comment has been removed by the author.

      Delete
  5. വളരെ ഉപകാരപ്രദമായ ബ്ലോഗ്‌ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്.അനുമോദനങ്ങള്‍.. .ഫോട്ടോകള്‍ക്കും രെഫരന്സിനും കടപ്പാട് രേഖപ്പെടുത്തണം.
    Kuttikka vazhiyaanu njan vannathu .Kuttikkaykku(Mohamedkutty) nandi.Blogerre parichayappedan aagrahikkunnu

    ReplyDelete