Thursday 31 May 2012

പരസ്യമുണ്ടോ? മിസ്‌റ്റര്‍ വിരൂപന്‍ കാത്തിരിക്കുന്നു!


സിംബാബ്‌വെയിലെ 'മിസ്‌റ്റര്‍ വിരൂപന്‍' വില്യം മസ്വിനു നിരാശയിലാണ്‌. കാരണം, ഏറ്റവും വിരൂപനായ ആണിനെ കണ്ടെത്താനായി സിംബാബ്‌വെയില്‍ കഴിഞ്ഞ മാസം നടന്ന മത്സരത്തില്‍ (മിസ്‌റ്റള്‍ അഗ്ലി മത്സരം) വിജയിയായിട്ടും വില്യത്തെ മോഡലാക്കാന്‍ പരസ്യക്കമ്പനികളൊന്നും തയ്യാറാവുന്നില്ല! മത്സരം കഴിഞ്ഞതോടെ പ്രാദേശികമായി പ്രശസ്‌തനായി എങ്കിലും അതു മൂലം മോഡലിംഗ്‌ അവസരമുണ്ടാവാത്തതാണ്‌ മിസ്‌റ്റള്‍ അഗ്ലിയെ നിരാശയിലാഴ്‌ത്തുന്നത്‌.
പടിഞ്ഞാറന്‍ ഹരാരെയിലെ എംബാരെ ടൗണില്‍ ചുമടെടുപ്പുകാരനാണ്‌ മുപ്പത്തിയൊമ്പതുകാരനായ വില്യം. മത്സരത്തില്‍ വിജയിച്ചിട്ടും താന്‍ ചന്തയില്‍ കാബേജു ചുമക്കല്‍ തുടരുന്നുവെന്നാണ്‌ ഇദ്ദേഹത്തിന്റെ പരാതി.
എന്നാല്‍, മിസ്‌റ്റര്‍ വിരൂപന്റെ മനസ്സ്‌ പവന്‍മാറ്റാണെന്ന്‌ അദ്ദേഹത്തെ പരിചയപ്പെടുന്ന ആരും പറയും. തന്റെ വൈരൂപ്യം ദൈവം തന്ന വരമാണ്‌. അത്‌ ലോകത്തിന്‌ കാട്ടിക്കൊടുക്കണമെങ്കില്‍ മോഡലാകാന്‍ ആരെങ്കിലും ക്ഷണിക്കണമെന്നാണ്‌ വില്യം ആവശ്യപ്പെടുന്നത്‌. ഇതുമാത്രമല്ല പണത്തിനുളള ഞെരുക്കവും ഇദ്ദേഹത്തെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ട്‌.
മിസ്‌റ്റര്‍ അഗ്ലി കിരീടം സ്വന്തമാക്കിയപ്പോള്‍ 100 ഡോളര്‍ ക്യാഷ്‌ അവാര്‍ഡും ഒരു ഹോട്ടലില്‍ ഒരു രാത്രി തങ്ങാനുളള ഗിഫ്‌റ്റ് വൗച്ചറുമാണ്‌ സമ്മാനമായി ലഭിച്ചത്‌. വില്യം ഗിഫ്‌റ്റ് വൗച്ചര്‍ പണമാക്കി. എന്തിനെന്നോ? ആഹാരം വാങ്ങാന്‍! വയറ്‌ കാലിയായി ഹോട്ടല്‍ മുറിയില്‍ താമസിക്കാന്‍ അത്ര രസമുണ്ടാവില്ല എന്നാണ്‌ വില്യത്തിന്റെ പക്ഷം; എന്താ അതു ശരിയല്ലേ?

No comments:

Post a Comment