Friday 24 August 2012

പൂവേ പൊലി പൂവേ (കുഞ്ഞുണ്ണി മാഷിന്റെ ഓണക്കുറിപ്പ്)

2002 ആഗസ്ത് 18 മാതൃഭൂമി വാരാന്തപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്... 


ഇന്നെന്ത് ഓണം, വിഷു, തിരുവാതിര? പിറന്നാള്‍ പോലുമില്ല. കല്യാണസദ്യക്കും ഇന്ന് പ്ലാസ്റ്റിക്കിലയാണ്.

ഓണം ഇന്ന് എനിക്കൊരോര്‍മ്മ മാത്രം. ആ ഓര്‍മ്മയില്‍ ആദ്യം തെളിഞ്ഞുവരുന്നത് കുട്ടികളുടെ ഓണമായ അത്തമാണ്. തിരുവോണത്തിന് എന്നപോലെയില്ലെങ്കിലും ഓണവിഭവങ്ങളില്‍ പലതും അത്തത്തിനും ഉണ്ടാകും. കാളനുണ്ടാകില്ല. അതിനുപകരം എരൂളിയുണ്ടാകും. എരൂളിയെന്നത് പണ്ടത്തെ നാടന്‍ ഭാഷയാണ്. ഇന്ന് അതിന്റെ സ്ഥാനത്ത് മോരൊഴിച്ചുകൂട്ടാനാണ്. നേന്ത്രക്കായയും ചേനയുമാണ് അതിന്റെ കഷ്ണങ്ങള്‍. എനിക്കിന്നും കൂട്ടിയുണ്ണാന്‍ കാളനേക്കാളധികമിഷ്ടം എരൂളിയാണ്. എരിവും പുളിയും എന്ന രണ്ടു വാക്കുകള്‍ ചേര്‍ന്നിട്ടായിരിക്കണം എരുപുളിയുണ്ടായത്. എരുപുളി എന്ന് നായന്മാരാരും പറഞ്ഞു കേട്ടിട്ടില്ല.

അത്തത്തിന്റെ തലേദിവസം ഉച്ചതിരിഞ്ഞ് പൂവട്ടിയുമായി പറമ്പുകളിലും വയലുകളിലും വരമ്പുകളിലുമെല്ലാം നടന്ന് പൂവറുക്കും. ഉത്രത്തിന്‍നാള്‍ തന്നെ പൂവട്ടി നെയ്തുകൊണ്ടുവരും. വല്ലിയാളന്മാരുടെ (ജന്മികളുടെ വീട്ടിലെ, പറമ്പിലെയും പാടത്തെയും പണിക്കാര്‍) ഭാര്യമാരാണ് പൂവട്ടി നെയ്തുകൊണ്ടുവരിക. പൂവട്ടിക്ക് കഴുത്തിലിടാന്‍ ഒരു വള്ളിയുണ്ടാകും. പൂവറുത്ത് വട്ടിനിറഞ്ഞാല്‍ വെള്ളംതളിച്ച് വട്ടി വീശും. അപ്പോള്‍ പൂവട്ടിയിലെ പൂക്കളമരും. പൂവറുക്കുമ്പോള്‍ പൂവിളിക്കാറുണ്ട്. പൂപ്പാട്ടുപാടാറുണ്ട്. പൂ-ഊ-ഊൗ-ഊൗൗ-ഊൗൗൗ. ഞങ്ങള്‍ കുട്ടികള്‍ പാടാറുള്ള പൂപ്പാട്ടുകളില്‍ ചിലത് ഇന്നും എന്റെ ഓര്‍മ്മയിലുണ്ട്. അവയില്‍ ചിലത് ഇവയാണ്.

പൂവായ പൂവെല്ലാം പിള്ളേരറുത്തു
പൂവാങ്കുറുന്തില ഞാനുമറുത്തു
പിള്ളേരടെ പൂവെല്ലാം കത്തിക്കരിഞ്ഞു
എന്നുടെ പൂവെല്ലാം മിന്നിത്തെളിഞ്ഞു
പൂവേ പൊലി പൂവേ പൊളി...

ഓണംവന്നോണംവന്നെന്നൊരാള്
എങ്ങനെയുണ്ണണമെന്നൊരാള്
ഇലവെച്ചിട്ടുണ്ണണമെന്നൊരാള്
കറ്റക്കറ്റക്കയറിട്ടു
കയറാലഞ്ചുമടക്കിട്ടു
നെറ്റിപ്പട്ടം പൊട്ടിട്ടു
കൂടെ ഞാനും പൂവിട്ടു
പൂവേപൊലി....

അത്തം ദിവസം രാവിലെ വീട്ടില്‍ കിഴക്കേ മുറ്റത്ത് ചാണകം കൊണ്ട് പൂക്കളം മെഴുകും. പൂക്കളമിടാന്‍ വീട്ടിലെ മുതിര്‍ന്നവരും സഹായിക്കും. മൂലത്തിന് മൂലതിരിച്ച് പൂവിടുക എന്നൊരു പതിവുണ്ട്. ചോതി ദിവസം ചുവന്ന പൂക്കളധികം വേണം. അരിപ്പൂവാണധികം കിട്ടുക. പിന്നെ തൊണ്ടിപ്പൂവും. ഒടിച്ചുകുത്തിയുടെ മുള്ളുകളഞ്ഞ തണ്ടാണ് പണ്ട് എന്റെ കുട്ടിക്കാലത്ത് കുട്ടികളെ അടിക്കാന്‍ വീട്ടില്‍ രക്ഷിതാക്കളും സ്്ക്കൂളില്‍ അധ്യാപകരും ഉപയോഗിക്കാറ്. ഇന്ന് വീട്ടുപറമ്പുകളില്‍ വേലിക്ക് പകരം മതിലാണല്ലോ.

ഓണക്കാലത്ത് ഇപ്പോള്‍ പൂവിടലില്ല. കുറച്ചുകൊല്ലം മുമ്പ് പൂക്കളമത്സരങ്ങള്‍ ഉണ്ടായിരുന്നു. ആ പൂക്കളമിടാനുള്ള പൂക്കള്‍ പൂക്കടകളില്‍ നിന്നാണ് വാങ്ങാറ്. ആ പൂക്കള്‍ തമിഴ്‌നാട്ടില്‍ നിന്നാണ് കൊണ്ടുവരുന്നത്. കേരളമിന്ന് പൂവില്ലാ നാടും പൂക്കാനാടുമാണല്ലോ. അത്തം തൊട്ട് ഉത്രാടം വരെ പൂവിടും. പൂരാടത്തുന്നാള്‍ തന്നെ തൃക്കാക്കരയപ്പനെ ഉണ്ടാക്കി നിഴലിലുണക്കി ചെങ്കല്ലരച്ച് ചുവപ്പിക്കും. ഉത്രാടത്തിന്‍നാള്‍ രാത്രി തൃക്കാക്കരപ്പനെ അരിമാവുകൊണ്ടണിയിക്കും. ഉണ്ടാക്കിയ ഉടനെ തൃക്കാക്കരയപ്പന്റെ നിറുകെയില്‍ നാലുഭാഗത്തും ഈര്‍ക്കിലി കൊണ്ട് തുളകള്‍ ഉണ്ടാക്കും. ആ തുളകളില്‍ പൂക്കള്‍ കുത്തും. ചില വലിയ വീടുകളില്‍ കനംകുറഞ്ഞ പാലമരം കൊണ്ടും തൃക്കാക്കരയപ്പനെ ഉണ്ടാക്കി സൂക്ഷിക്കാറുണ്ട്. എന്നാലും മണ്ണു കൊണ്ടുള്ള ഒരു തൃക്കാക്കരയപ്പനെങ്കിലും വേണം.

തൃക്കാക്കരയപ്പനെ വെക്കുന്നത് മുറ്റത്തെ പൂക്കളത്തിലല്ല. മൂലത്തുനാള്‍ തന്നെ പൂക്കളത്തിന്റെ സ്ഥാനത്ത് കളിമണ്ണ് കൊണ്ട് പൂത്തറയുണ്ടാക്കും. ആ തറ ചെങ്കല്ലരച്ച് ചോപ്പിച്ച് അരിമാവുകൊണ്ടണിഞ്ഞ് അതില്‍ ആവണപ്പലക വെച്ച് അതിന്‍മേല്‍ നാക്കില വെച്ച് തുമ്പക്കുടം ഞൊറിയും.

ഉത്രാടത്തിന്‍നാള്‍ രാത്രി അത്താഴം കഴിഞ്ഞാണ് തിരുവോണത്തിന്‍നാള്‍ ഉച്ചയ്ക്ക് വിളമ്പാനുള്ള പഴംനുറുക്ക് അടുപ്പത്തുവെക്കുക. കറുത്ത പുള്ളിക്കുത്തുവീണ പഴമാണ് പഴംനുറുക്കിന് നല്ലത്. ചെമ്പുകലത്തില്‍ കാല്‍ഭാഗം വെള്ളമൊഴിച്ച് അതിന്റെ മേലെ വാഴയണകള്‍ മുറിച്ചുപാകി തട്ടുണ്ടാക്കി ആ തട്ടിന്‍മേലാണ് പഴംനുറുക്ക് വെക്കുക. വെള്ളം തളച്ചുണ്ടാകുന്ന ആവി പഴംനുറുക്കിന്‍മേല്‍ തട്ടിയാണ് അത് വേവേണ്ടത്. വെള്ളം പഴംനുറുക്കിന്‍മേല്‍ തട്ടരുത്. ഉച്ചയ്ക്ക് ഊണിനു വിളമ്പുന്നതിനു മുമ്പ് അടുപ്പത്ത് നിന്ന് എടുത്ത് നിലത്ത് ഒരു നാക്കില തുടച്ച് വൃത്തിയാക്കി വെച്ച് ആ നാക്കിലയില്‍ കുത്തി നിറുത്തണം. അപ്പോള്‍ ആവികൊണ്ട് പഴംനുറുക്കിന്‍മേലുള്ള വെള്ളം വാര്‍ന്നുപോകും.

തിരുവോണം ദിവസം വീട്ടിലെ കാരണവര്‍ അനന്തിരവര്‍ക്ക് പുളിയിലക്കര മുണ്ട് കൊടുക്കും. ഓണപ്പുടവ ചെറുതായി വീട്ടുഭാഷയിലാകുമ്പോള്‍ ഓണപ്പുടയാകും. അത് ചെറുതായി ഓണപ്പടയാകും.

ഓണത്തിന് കായുപ്പേരി മാത്രമല്ല, ശര്‍ക്കരയുപ്പേരിയും ചേന വറുത്തതും പയറുകൊണ്ടാട്ടം വറുത്തതും കയ്പ്പക്ക കൊണ്ടാട്ടം വറുത്തതും എല്ലാം ആകാം. ഒരു വലിയ പപ്പടവും രണ്ടു ചെറിയ പപ്പടവും വേണം. ഓണത്തിന് എല്ലാവരും തളത്തില്‍ ഒരുമിച്ചിരുന്ന് ഉണ്ണണം. കോടിയലക്കിയതുടുത്ത് വേണം ഉണ്ണാനിരിക്കുന്നത്. ഊണിനുള്ള കറികള്‍ കാളന്‍, ഓലന്‍, നേന്ത്രക്കായ എരിശ്ശേരി എന്നിവയെല്ലാമാണ്. ഒരു കൊല്ലം പഴകിയ പുളികൊണ്ടുണ്ടാക്കിയ പുളിയിഞ്ചിയും നാരങ്ങാക്കറിയും ഇഞ്ചിതൈരുമാകാം.

ഇതെല്ലാം എന്റെ ബാല്യകാലാ സ്മരണകളില്‍ നിന്ന് എടുത്തെഴുതിയതാണ്. ഇന്നെന്ത് ഓണം, വിഷു, തിരുവാതിര? പിറന്നാള്‍ പോലുമില്ല. കല്യാണസദ്യക്ക് പോലും ഇന്ന് പ്ലാസ്റ്റിക് ഇലയാണ്. ഒരു പന്തിക്ക് വെച്ച പ്ലാസ്റ്റിക് ഇല കഴുകിയല്ലായിരിക്കും അടുത്ത പന്തിക്ക് വെക്കുന്നത് എന്ന് വിശ്വസിക്കുക.

ഓണമുണ്ട വയറേ ശൂളപാടിക്കെട എന്ന് പണ്ടുകാലത്ത്. ഇന്ന് ഓണമുണ്ണാനുള്ള വയര്‍ ആര്‍ക്കുണ്ട്. രുചി ആര്‍ക്കുണ്ട്. രാസവളങ്ങളിട്ട് ഉണ്ടാക്കിയ ഭക്ഷണം- അരിയും പച്ചക്കറികളും പൊടിയുപ്പും മുളകും പുളിയുമെല്ലാം അല്ലേ നമ്മുടെ ഇന്നത്തെ ഭക്ഷണം. എന്നാലും ഈ വയസ്സന്‍ കണ്ണടച്ചൊന്നുറക്കെ പാടട്ടെ.

പൂവേ പൊലി പൂവേ പൊലി പൂവേ.....

No comments:

Post a Comment