Thursday 5 September 2013

Sept 5 അദ്ധ്യാപകദിനം


വിവിധരാജ്യങ്ങളില്‍  ഈ ദിനം കൊണ്ടാടപ്പെടുന്നു. 1961 മുതല്‍ ഇന്ത്യയില്‍  അദ്ധ്യാപകദിനം ആചരിച്ചുവരുന്നുണ്ട്. അതിപ്രശസ്തനായ ഒരു അദ്ധ്യാപകനും ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡന്റുമായിരുന്ന ഡോ. എസ്. രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റമ്പര്‍ 5 ആണ് അദ്ധ്യാപകദിനമായി തിരഞ്ഞെടുത്തിട്ടുള്ളത്.

കേന്ദ്രവിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ 1962-ല്‍ ഒരു ദേശീയ അദ്ധ്യാപകക്ഷേമനിധി ഏര്‍പ്പെടുത്തി. പതാകവില്പന, വിവിധ കലാപരിപാടികള്‍ , സിനിമാപ്രദര്‍ശനം, ലേഖനസമാഹാരപ്രസിദ്ധീകരണം എന്നിവ മുഖേന, അദ്ധ്യാപകദിനത്തില്‍ ഈ നിധിയിലേക്ക് ധനശേഖരണം നടത്തുന്നു. അദ്ധ്യാപകര്‍ക്കും അവരുടെ ആശ്രിതര്‍ക്കും സാമ്പത്തികസഹായം നല്കുക, ആത്മാര്‍ത്ഥവും സ്തുത്യര്‍ഹവുമായ സേവനം അനുഷ്ഠിച്ചിട്ടുള്ള അദ്ധ്യാപകര്‍ക്ക് പെന്‍ഷന്‍ പറ്റിയതിനുശേഷം സഹായധനം നല്കുക എന്നിവയാണ് ഈ ക്ഷേമനിധിയുടെ ലക്ഷ്യങ്ങള്‍ . വിശിഷ്ടസേവനം അനുഷ്ഠിക്കുന്ന അദ്ധ്യാപകര്‍ക്ക് നല്കപ്പെടുന്ന ദേശീയ അവാര്‍ഡും സംസ്ഥാന അവാര്‍ഡും പ്രഖ്യാപനം ചെയ്യുന്നതും അദ്ധ്യാപകദിനത്തിലാകുന്നു. സമൂഹം അദ്ധ്യാപകന്റെ ആവശ്യങ്ങളറിഞ്ഞ് പരിഹാരം കാണാന്‍ ശ്രമിക്കുന്നു എന്നതിന്റെ പ്രതീകമാണ് ഇത്തരം സംരംഭങ്ങള്‍ .
സര്‍ക്കാര്‍ തലത്തില്‍നിന്ന് ഉടലെടുത്ത ഈ നിര്‍ദേശത്തിന് ഇന്ത്യയിലെ എല്ലാ അദ്ധ്യാപകരുടെയും ബഹുജനങ്ങളുടെയും പി ന്‍ തുണ ലഭിച്ചിട്ടുണ്ട്. ഡോ. രാധാകൃഷ്ണന്റെ അനിഷേധ്യമായ വ്യക്തിമാഹാത്മ്യമാണ് ഇതിന് മുഖ്യകാരണം. ഉല്‍കൃഷ്ടമായൊരു മാതൃകയെ ആധാരമാക്കി നിശ്ചയിക്കപ്പെട്ട അദ്ധ്യാപകദിനം, അദ്ധ്യാപകരെ കര്‍ത്തവ്യത്തില്‍ കൂടുതല്‍ ബോധവാന്മാരാക്കുവാന്‍ സഹായകമാണ്.

No comments:

Post a Comment