Saturday 1 September 2012

തുമ്പ


 ലോബിയേറ്റേ / ലാമിയേസി  (Lamiaceae) സസ്യകുടുംബത്തില്‍പെട്ട തുമ്പ ല്യൂക്കസ്  അസ്പെറ (Leucas Aspera) എന്ന ശാസ്ത്രനാമത്തിലും ല്യൂക്കസ് (Leucas) എന്ന ഇംഗ്ലീഷ് പേരിലും അറിയപ്പെടുന്നു. കരിന്തുമ്പ (Anisomeles Malabarica), പെരുന്തുമ്പ (Leucas cephalotes) എന്നിങ്ങനെ രണ്ടു തരത്തിലുള്ള തുമ്പകള്‍ നമ്മുടെ നാട്ടിലുണ്ട്.  തുമ്പ ഒരു ഔഷധച്ചെടികൂടിയാണ്. ദ്രോണപുഷ്പി എന്നറിയപ്പെടുന്ന തുമ്പക്കാണ് ഔഷധഗുണം കൂടുതല്‍.  ഇലകള്‍ക്ക് അണുനാശക ശക്തിയുണ്ട്.  തുമ്പപ്പൂവ് തേനുമായി ചേര്‍ത്ത് കഴിച്ചാല്‍ ചുമയും ജലദോഷവും ശമിക്കുമെന്നാണ് നാട്ടുവൈദ്യം.  അത്തം മുതല്‍ ഉത്രാടം വരെ വീട്ടുമുറ്റത്ത് പൂക്കളമിടുന്നതില്‍ അത്തപ്പൂവിന് വളരെ പ്രാധന്യമുണ്ട്.  അത്ത ദിവസം തുമ്പയും തുളസിക്കതിരും കൊണ്ട് പൂക്കളമൊരുക്കുന്നു. ഓണത്തപ്പനെ അലങ്കരിക്കാന്‍ തുമ്പക്കുടം വേണം.  തിരുവോണ ദിവസം തൃക്കാക്കരയപ്പനെ  വരവേല്‍ക്കുന്നതിന് നിവേദിക്കുന്ന പൂവടയില്‍ തുമ്പപ്പൂ ചേര്‍ക്കുന്നു.

        രണ്ടടിയാണ്  തുമ്പയുടെ പരമാവധി ഉയരം.  നിറയെ കുഞ്ഞുചില്ലകളുണ്ടായിരിക്കും.  ശാഖാഗ്രങ്ങളിലും ഇലയിടുക്കിലുമായി തൂവെള്ള നിറത്തിലുള്ള പൂങ്കുലകള്‍ കാണാം.  ഓണപ്പൂക്കളില്‍ തുമ്പ പ്രധാനമാണ് മലയാളികള്‍ക്ക് പ്രിയപ്പെട്ട തുമ്പപ്പൂ കവികള്‍ക്കും ഏറെ പ്രിയമാണ്.   തുമ്പപ്പൂവിന്റെ നൈര്‍മല്യം, തുമ്പപ്പൂവിന്റെ പരിശുദ്ധി, തുമ്പപ്പൂച്ചോറ്, തുമ്പപ്പൂപ്പല്ലുകള്‍ , തുമ്പപ്പൂപോലെ ചിരി.... ഇങ്ങനെ ധാരാളം പാട്ടുകളിലും തുമ്പപ്പൂ കടന്നുവരുന്നു.  തുമ്പത്തണ്ടും ഇലയും പൂവുമെല്ലാം ഔഷധഗുണമുള്ളതാണ്.  

No comments:

Post a Comment