Saturday 1 September 2012

കൃഷ്ണകിരീടം


 പഗോഡ പ്ലാന്റ്  (Pagoda Plant) എന്ന് ഇംഗ്ലീഷില്‍ പേരുള്ള കൃഷ്ണകിരീടത്തിന്റെ ശാസ്ത്രീയനാമം ക്ലിറോഡെന്‍ഡ്രം പാനികുലേറ്റം (Clerodendrum Paniculatum) എന്നാണ്.  വെര്‍ബനേസി  (Verbenaceae) സസ്യകുടുംബത്തില്‍പെട്ടതാണ് കൃഷ്ണകിരീടം.  ശ്രീ കൃഷ്ണന്റെ കിരീടത്തോട് രൂപസാദൃശ്യമുള്ള ഇതിന് പൂക്കളത്തിലും തൃക്കാക്കരയപ്പന്റെ ശിരസ്സിലും സ്ഥാനമുണ്ട്.  ജപ്പാനിലെ സവിശേഷ വാസ്തു മാതൃകയായ പഗോഡയെ ഓര്‍മ്മിപ്പിക്കുന്നതിനാലാണ് ഇഗ്ലീഷില്‍ പഗോഡ പ്ലാന്റ് എന്ന പേര്.  കിരീടം പോലെ ഉയര്‍ന്നു നില്‍ക്കുന്ന പൂങ്കുല കാരണമാണ് ഈ പേര്.  ഓരോ പൂവിനും വലിപ്പം വളരെ കുറവാണെങ്കിലും ഒത്തു ചേരുമ്പോള്‍ പൂങ്കുലക്ക് ചിലപ്പോള്‍ 45 സെന്റീമീറ്ററോളം പൊക്കം വരും.  ഓരോ പൂവിനും ഓറഞ്ചു കലര്‍ന്ന ചുവപ്പു നിറമാണ്.  പൂവിന്റെ ഞെട്ടും ചുവന്നതാണ്. ഇലകള്‍ക്ക് മുകളിലായി എഴുന്നു നില്‍ക്കുന്ന തരത്തിലാണ് പൂങ്കുല.           

      ഋതുക്കള്‍ വ്യത്യാസമില്ലാതെ കാടപിടിച്ചുകിടക്കുന്ന ഇടങ്ങളിലെല്ലാം ഈ പൂവ് സമൃദ്ധമായി കാണാറുണ്ട്.  ചുവപ്പും ഓറഞ്ചും കലര്‍ന്ന ഇളംചുവപ്പ് നിറമുള്ള പൂക്കളാണ് കൃഷ്ണകിരീടത്തെ മറ്റുള്ളവയില്‍ നിന്ന് വേറിട്ടുനിര്‍ത്തുന്നത്.  പൂക്കളെല്ലാം ചേര്‍ന്ന് ഒരു സ്തൂപത്തിന്റെ രൂപമാണ് ഇതിനുള്ളത്.        

      കൃഷ്ണമുടി, പഗോഡ, രാജകീരീടം, ഹനുമാന്‍കിരീടം എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു.  നാട്ടിന്‍പുറങ്ങളില്‍ ഓട്ടോര്‍മോഹിനി എന്നും വിളിക്കാറുണ്ട്.  ഒത്തൊരുമോഹിനിയാണ് ഓട്ടോര്‍ മോഹിനിയായി മാറിയതെന്നാണ് അനുമാനം.   

No comments:

Post a Comment