Monday 22 October 2012

കണിയാര്‍ക്കളി


പാലക്കാട്ടുള്ള ചിറ്റൂര്‍, ആലത്തൂര്‍ താലൂക്കുകളിലെ നായര്‍ സമുദായത്തിന്റെ അനുഷ്ഠാനപ്രദമായ കലാപ്രകടനമാണ് ഉര്‍വ്വരപ്രധാനമായ കണ്യാര്‍ക്കളി. പൊന്നാനക്കളിയെന്നും ദേശക്കളിയെന്നും വിളിക്കുന്ന ഇതു ഭഗവതിക്കാവുകളില്‍ മാത്രമെ പതിവുള്ളൂ. മേടം ഒന്നിനു 'കണ്ണിയാര്‍ കൊള്ളല്‍' എന്ന ചടങ്ങുണ്ട്. വിത്തുവിതയുടെ ആരംഭത്തില്‍ പല വേഷങ്ങള്‍‍ പുറപ്പെടുന്ന കരിവേല എന്ന ചടങ്ങോടെ നടത്തുന്ന കണ്യാര്‍ക്കളി ചിലസ്ഥലങ്ങളില്‍ ഭഗവതിക്കാവുകളില്‍ നടക്കുന്ന കുമ്മാട്ടിയോടനുബന്ധമായി നടന്നുവരുന്നു. ഒമ്പതുവട്ടം കളിക്കാനുള്ള വട്ടക്കളിയുടെ 'കാലും കലാശവും' ഉറക്കാനുള്ള പരിശീലനമായ 'കളികുമ്പിട' ലോടെ തന്നെ അനുഷ്ഠാനം ആരംഭിക്കും.
പാണ്ഡ്യരാജ്യം ചുട്ടെരിച്ചശേഷം ക്രോധാവേശത്തോടെ കേരളക്കരയിലെത്തിയ കണ്ണകിയുടെ കോപം ശമിപ്പിക്കാനായി ദേശക്കാര്‍ ഒന്നിച്ചു നടത്തിയ പ്രാര്‍ത്ഥനയും സ്തുതിയും കൊണ്ട് ശാന്തയായി തങ്ങളുടെ ദേശത്തു കുടിയിരുന്നുവെന്നും, അതിനാല്‍ കര്‍ണകിയ്ക്കു വേണ്ടിയുള്ള കളിയാണു കണ്യാര്‍ക്കളിയായതെന്നും പറയുന്നു. അപൂര്‍വം ചില വട്ടക്കളിപ്പാട്ടുകളില്‍ പ്രാദേശിക ദേവതകളെ സ്തുതിക്കുമ്പോള്‍ കര്‍ണകിയാര്‍ പ്രയോഗം വരുന്നുണ്ട്. 'ആണ്ടിക്കൂത്തി' ല്‍ ശിവന്റെ കണ്ണില്‍ നിന്നു ജനിച്ചവളെന്നു വാഴ്ത്തുന്നതിനാല്‍ കണ്ണകിക്കു ഭദ്രകാളിയെന്നും അര്‍ത്ഥമുണ്ട്. മാത്രമല്ല, വട്ടക്കളിപ്പാട്ടുകളില്‍ പൊതുവെ ദാരികനിധാനം ചെയ്ത ഭദ്രകാളിയെയാണു സ്തുതിച്ചു കാണുന്നത്. ഭദ്രകാളിയുടെ മറുപിറവിയായി ചിലപ്പതികാരകഥയിലെ നായികയെ കണ്ടുവരുന്നതിനാല്‍ കണ്യാര്‍ക്കളിയെ കണ്ണകിയുമായി ബന്ധിപ്പിക്കുന്നതും അനുചിതമാവില്ല. കുലദേവതയായ ശക്തിദേവിയ്ക്കു മുമ്പില്‍ ശരീര നായകന്മാര്‍ നടത്തുന്ന നേര്‍ച്ചയാണു കണ്യാര്‍ക്കളിയെന്നും അഭിപ്രായമുണ്ട്. ആണ്ടിക്കൂത്തു തുടങ്ങുമ്പോള്‍ ശിവനേത്രത്തില്‍ നിന്നു പിറന്ന ഭദ്രകാളിയെ സ്തുതിച്ചു കാണുന്നു. മാത്രമല്ല, കണ്യാര്‍ക്കളിയോടനുബന്ധമായി മുക്കണ്ണന്റെ തൃക്കണ്ണിലുത്ഭവിച്ച ദേവിക്കു പുത്തന്‍കലത്തില്‍ സ്ത്രീകള്‍ പൊങ്കല്‍ നിവേദിക്കും. തിരുവനന്തപുരം ജില്ലയില്‍ ഭദ്രകാളീ പ്രീണനാര്‍ത്ഥം നടത്തുന്ന പൊങ്കാല ചിലപ്പതികാരകഥ ഭദ്രകളിപ്പാട്ടായി പാടുന്ന എല്ലാ മുടിപ്പുരകളിലും നടത്തുമെന്ന കാര്യവും ഇവിടെ അനുബന്ധമാക്കേണ്ടതുണ്ട്. ഭഗവതിയെ മുളയില്‍ ആവാഹിച്ചു ആ മുള പന്തലിന്റെ മദ്ധ്യത്തില്‍ സ്ഥാപനം ചെയ്തു അതിനടുത്തു വിളക്കു പ്രതിഷ്ഠിച്ചു അതിനുചുറ്റും കണ്യാര്‍ക്കളി നടത്തുകയാണു പതിവ്. കണക്കോല്‍, കണിയാരം എന്നീ പേരുകളുള്ള മുള പ്രതിഷ്ഠിക്കുന്നതിനെ 'കണ്യാര്‍ കൊള്ളല്‍' എന്നു വ്യവഹരിക്കാറുമുണ്ട്. അതിനാല്‍ ഭഗവതിക്കു പ്രാമുഖ്യം നല്കിവരുന്ന ഈ കളി അതിന്റെ 'കണ്യാര്‍' എന്ന അനുഷ്ഠാനവുമായി ചേര്‍ത്തു പ്രസിദ്ധമായെന്നകാര്യം യുക്തിസഹമാണെങ്കിലും വിഷുക്കണി പോലുള്ള കണി കാണുമ്പോള്‍ ദീപം പ്രധാനമാകയാല്‍ കണിയാര്‍ എന്നാല്‍ ഈ ദീപ പ്രതിഷ്ഠയുമാകാം.
കണ്യാര്‍ക്കളിക്കു തച്ചുശാസ്ത്രവിധി പ്രകാരമുള്ള ഒമ്പതു കാല്‍ 'പച്ചപ്പന്തല്‍' വേണം. പന്തല്‍ ശരാശരി നാല്പതുകോല്‍ എട്ടംഗുലം ചുറ്റളവുള്ള സമചതുരമായിരിക്കും. നല്ല മുഹൂര്‍ത്തം നിശ്ചയിച്ചു തൂപ്പുകളുണ്ടാക്കി കൊണ്ടുവന്നു തോരണങ്ങള്‍ തൂക്കിയ മുളയില്‍ മൂലസ്ഥാനത്തുനിന്നു ഭഗവതിയെ ആവാഹിച്ചു പന്തല്‍ സ്ഥാനത്തിന്റെ ഒത്ത നടുക്കു 'ഭഗവതിക്കാല്‍' നാട്ടുന്നു. ഈ മുള പൊളിഞ്ഞു പോവാതിരിക്കാന്‍ മുകളറ്റം മുതല്‍ ഒമ്പതംഗുലം താഴെവരെ ഒരു വിരല്‍ അകലത്തില്‍ ഇടവിട്ടു ചൂടികൊണ്ടു വരിഞ്ഞുകെട്ടും. ഗന്ധര്‍വന്‍, യക്ഷി തുടങ്ങിയ ദുര്‍ദേവതകളെ ഒഴിവാക്കുകയെന്ന ഉദ്ദ്യേശവും ഇതിനു പിന്നില്‍ പറയാറുണ്ട്. പന്തല്‍ക്കാലുകളില്‍ അഷ്ടവസ്തുക്കളായി സങ്കല്പിച്ചു എട്ടെണ്ണം പാലത്തടിയിലുള്ളതും മദ്ധ്യഭാഗത്തുള്ള ഒരെണ്ണം മുളയിലുള്ളതുമായിരിക്കണം. എട്ടംഗുലം വീതിയും നാലംഗുലം കനവുമുള്ളവിധം ചെത്തി മിനുക്കിയ പാലത്തടിയില്‍ തെരണി, കൊളവി, കമ്പി തുടങ്ങി വിവിധ നാമങ്ങളിലുള്ള അലങ്കാരമുണ്ടാകും. ഭഗവതിക്കാലിനു മുകളില്‍ ഒരുകോല്‍ രണ്ടംഗുലം സമചതുരത്തില്‍ 'ഉള്‍പ്പന്തലും' നിര്‍മ്മിക്കും. ഉള്‍പ്പന്തല്‍ കുരുത്തോല കൊണ്ടും പന്തലാകമാനം കണിക്കൊന്നപ്പൂവും കുരുത്തോലയും കൊണ്ടലങ്കരിക്കുന്നു. ഉള്‍പ്പന്തലില്‍ അഞ്ചു തിരിയിട്ട നിലവിളക്കു പ്രതിഷ്ഠിച്ചശേഷം സമീപത്തായി പീഠമിട്ട് അതിന്മേല്‍ തിരുവാടയായ പട്ട്, പള്ളിവാള്‍, അരമണി, കാല്‍ചിലമ്പ് എന്നിവ എഴുന്നള്ളിച്ചു വയ്ക്കുകയും കുത്തുവിളക്കു നിറുത്തുകയും ചെയ്യുന്നു. പന്തലിന്റെ രണ്ടുകാലുകള്‍ക്കിടയിലും ഓരോന്നുവീതം തൂക്കുവിളക്കുകളും വേണം.
കണ്യാര്‍ക്കളിയുടെ സമാരംഭമറിയിക്കുന്നതിനായി സന്ധ്യക്കു ചെണ്ട, മദ്ദളം, ചേങ്ങില, ഇലത്താളം എന്നീ വാദ്യങ്ങള്‍ ചേര്‍ന്ന് കേളി കൊട്ടുണ്ടാകും. അതിനുശേഷം മന്ദത്തമ്മയുടെ പൂജയും കോമരത്തിന്റെ തുള്ളലും കല്പനയും അനുഗ്രഹവും കഴിഞ്ഞു കണ്യാര്‍ക്കളി സമാരംഭിക്കുകയായി. പാവമുണ്ട്, കസവുമുണ്ട്, പട്ട് എന്നീ വസ്ത്രധാരണവും കണ്ണെഴുത്ത്, ചന്ദനക്കുറി, വാലിട്ട തലേക്കെട്ട്, അരയില്‍ രണ്ടാമുണ്ട്, കഴുത്തില്‍ സ്വര്‍ണ്ണമാല, കയ്യില്‍ ഹസ്ത കടകം, അരയില്‍ ഒഢ്യാണം, മേലാസകലം ചന്ദനംപൂശല്‍ എന്നിവ കണ്യാര്‍ക്കളിയുടെ പ്രാചീനമായ വേഷസംവിധാനമായിരുന്നു. കണ്യാര്‍ക്കളിയില്‍ അനുഷ്ഠാന സ്വഭാവമുള്ള വട്ടക്കളി എന്നും സാമൂഹിക വിമര്‍ശനസ്വഭാവമുള്ള പുറാട്ടെന്നും രണ്ടു ഭാഗങ്ങളുണ്ട്. ഭഗവതിക്കാലിനു സമീപം പ്രതിഷ്ഠിച്ച വിളക്കിനു ചുറ്റും ചുവടുവെച്ചു വട്ടക്കളി നടത്തും. അപ്പോള്‍ ദേവീദേവന്മാരുടെ സ്തുതിഗീതങ്ങളാണു പാടുന്നത്.
‌ കണ്യാര്‍ക്കളിയുടെ ആദ്യമൂന്നു ദിവസങ്ങളില്‍ വട്ടക്കളി, ആണ്ടിക്കൂത്ത്, മലമ എന്നിവ അവതരിപ്പിക്കും. വട്ടക്കളിയെ 'പൊന്നാന'യെന്നും പറയും. നാലുദിവസമാണു കളിയെങ്കില്‍ പൊന്നാന, ആണ്ടിക്കൂത്ത്, വള്ളോന്‍, മലമ എന്നിങ്ങനെയാകും യഥാക്രമം കളിയുടെ രീതി. വട്ടക്കളി പന്തലിലേക്കു പോകുന്നതിനു 'നടുവട്ടം' എന്നു പറയും. പന്തല്‍ വലംവച്ചു പന്തല്‍ പ്രവേശവും ദീപപ്രദക്ഷിണവും കഴിഞ്ഞ് മൂന്നുവട്ടം കളിയും കലാശവും നടത്തും. അതുകഴിഞ്ഞു കളിക്കാര്‍ വൃത്തത്തില്‍ നിന്നുകൊണ്ടു ചിട്ടപ്രകാരം തൊഴുതശേഷം ചെണ്ട, മദ്ദളം, ഇലത്താളം, ചേങ്ങില എന്നിവ സമന്വയിപ്പിച്ച കൊട്ടിക്കലാശവും കഴിഞ്ഞു അനുപല്ലവി പാടി ചുവടുവച്ചു കളി തുടങ്ങുന്നു. ഒരു ചുവടില്‍ നിന്നു മറ്റൊരു ചുവടിലേക്കു മാറുന്നതിനു മുമ്പായി 'കലാശം' വരാം. ഒന്നാംകാല്‍, രണ്ടാംകാല്‍, മൂന്നാംകാല്‍, നാലാംകാല്‍, മൂന്നില്‍ ഒന്ന്, മൂന്നില്‍ രണ്ട്, നാലില്‍ ഒന്ന്, നാലില്‍ രണ്ട്, നേരുകാല്‍, വട്ടക്കാല്‍, തട്ടുകാല്‍, തൂക്കുകാല്‍ എന്നിങ്ങനെ അറുപത്തിനാലു ചുവടുവെയ്പുകള്‍ കണ്യാര്‍ക്കളിക്കുണ്ട്. പതികാലം, ഇടകാലം, ദ്രുതകാലം എന്നിങ്ങനെ ചുവടുവെയ്പുകള്‍ക്കു കാലപ്രമാണവുമുണ്ട്. നടന്മാര്‍ പാട്ടുപാടുന്നു. നാലുദിവസത്തെ കളിക്കുശേഷം ഇരു ചേരിക്കാരും ഒപ്പം കൂടി വട്ടക്കളി കളിക്കുന്നതിനെ ' പൂവാരല്‍' എന്നു പറയും.
സാമൂഹികവിമര്‍ശനം ഏറെയുള്ള പുറാട്ടുകൊണ്ടു കാണികളെ രസിപ്പിക്കുകയാണു ഉദ്ദ്യേശമെന്നു കരുതുന്നുവെങ്കിലും അശ്ലീലസ്പര്‍ശമുള്ള അതിലെ സംഭാഷണങ്ങള്‍ കാളിയുടെ ആരാധനയിലെ പഞ്ചമകാര്യങ്ങളില്‍ മൈഥുനത്തിന്റെ ധര്‍മ്മം കൂടി അനുഷ്ഠിക്കുന്നുണ്ട്. ഒരു കഥാപാത്രം മാത്രം രംഗത്തുവന്നവതരിപ്പിക്കുന്ന ഒറ്റപ്പുറാട്ട്, ഒന്നിലധികം പേര്‍ അരങ്ങത്തു വരുന്ന കൂട്ടുപുറാട്ട്, സ്ത്രീപ്രധാനമായ പെണ്‍പുറാട്ട് എന്നു പുറാട്ടിനെ വിഭജിച്ചിരിക്കുന്നു. പുറാട്ടില്‍ കളിക്കാര്‍ തമ്മിലുള്ള ചോദ്യോത്തരമായ 'വാണാക്കു'ണ്ടാകും. പുറാട്ടിലെ ഭാഷ തമിഴ് വഴക്കം പ്രകടമാക്കുന്നതിനാല്‍ കണ്യാര്‍കളി തമിഴ് വഴിയാണെന്ന വാദമുണ്ട്. എന്നാല്‍ പുറാട്ടുകളില്‍ വരുന്ന കഥാപാത്രങ്ങള്‍ തമിഴ് ജാതികളായതിനാല്‍ അവരുടെ ഭാഷാവഴക്കം അതില്‍ പ്രകടമായെന്നും കരുതുകയാണുത്തമം. മാത്രവുമല്ല, അനുഷ്ഠാനപ്രാമുഖ്യമുള്ള വട്ടക്കളിപ്പാട്ടുകള്‍ പ്രധാനമായും മലയാളത്തിലായതുകൊണ്ടു കണ്യാര്‍ക്കളി തമിഴ്വഴക്കമുള്ളതാകാന്‍ വഴിയില്ല. നായര്‍ സമുദായം തമിഴ് ജാതിയെല്ലെന്ന കാര്യവും പ്രാധാന്യത്തോടെ കാണേണ്ടതുണ്ട്. ഭദ്രകാളീ പ്രധാനമായ ആരാധനാവഴക്കങ്ങളില്‍ പ്രധാനമായ കണ്യാര്‍ക്കളി പാലക്കാട് പ്രദേശത്തെ കേരളവുമായി ഏകീകരിച്ചതില്‍ നിസ്തൂലമായ പങ്കു വഹിച്ചിട്ടുണ്ട്.

No comments:

Post a Comment