Tuesday 23 October 2012

തിറയാട്ടം

ഉത്തരകേരളത്തിലെ ഒരു അനുഷ്ഠാനകലയാണ്‌ തിറയാട്ടം.തെയ്യം പോലെ ദേവീദേവന്‍മാരെ പ്രസാദിപ്പിക്കാന്‍ കോലം കെട്ടിയാടുകയാണ്‌ തിറയാട്ടത്തിലും ചെയ്യുന്നത്‌.കോലങ്ങളും കോമരങ്ങളുമാണ്‌ തിറയാട്ടത്തിലെ പ്രധാനകഥാപാത്രങ്ങള്‍.അരങ്ങിലെത്തുന്ന കോലങ്ങളെ കോമരങ്ങള്‍ അരിയെറിഞ്ഞ്‌ ആര്‍പ്പുവിളിച്ച്‌ സ്വീകരിക്കും.തിറയാട്ടത്തിനിടയില്‍ ജനങ്ങള്‍ കോമരത്തോട്‌ സങ്കടങ്ങള്‍ പറയാറുണ്ട്‌.കോമരം അതിന്‌ പരിഹാരം നിര്‍ദ്ദേശിക്കുകയും ചെയ്യും.
തിറയിലെ വേഷങ്ങള്‍ക്ക്‌ തെയ്യത്തിലെ വേഷ്വിധാനങ്ങളോട്‌ സാമ്യമുണ്ട്‌.വലിപ്പവും നിറപ്പകിട്ടുമുള്ള മുടികളും കീരീടങ്ങളുമാണ്‌ തിറകളിലും ആട്ടക്കാര്‍ അണിയുന്നത്‌.കൈ കൊണ്ടുള്ള മുദ്രകള്‍ തിറയാട്ടത്തില്‍ പ്രധാനമാണ്‌.കോഴിക്കോട്‌ ജില്ലയിലാണ്‌ തിറയാട്ടത്തിന്‌ കൂടുതല്‍ പ്രചാരം.തിറയട്ടം നടന്നു വരുന്ന സ്ഥലങ്ങള്‍ക്കു തിറയാട്ടസ്വരൂപങ്ങള്‍ എന്നു പറയാറുണ്ട്‌.സാമൂതിരിയുടെ കാലത്ത്‌ ഏറനാട്‌ സ്വരൂപവും നെടിയിരുപ്പ്സ്വരൂപവും തിറയാട്ടത്തിന്‌ കേള്‍വി കേട്ടതായിരുന്നു.കോഴിക്കോടിനു വടക്ക്‌ ദേവതാരൂപം ധരിച്ചാടുന്ന കോലങ്ങളില്‍ മിക്കതിനേയും തെയ്യമെന്നാണ്‌ പറയുക.ഇവിടങ്ങളില്‍ വേട്ടയ്ക്കൊരു മകന്‍,ഊര്‍പ്പഴച്ചി,വൈരജാതന്‍,മൂന്നായരീശ്വരന്‍ തുടങ്ങിയ ചില കോലങ്ങളെ മാത്ര മേ തിറയെന്നു പറയാറുള്ളു.വയനാട്ടിലും തിറയാട്ടമുണ്ട്‌.പെരുമണ്ണാന്‍,മുന്നൂറ്റാന്‍,പാണന്‍,അഞ്ഞൂറ്റാന്‍,മളനാടി തുടങ്ങിയ സമുദായക്കാരാണ്‌ തിറയാട്ടം നടത്തുന്നത്‌.മറ്റു പല സമുദായക്കാരുടെ സഹകരണവും തിറയാട്ടത്തിലുണ്ട്‌.തിറയുടെ വാള്‍ ഉണ്ടാക്കുന്നതും തിറയാട്ടത്തിനുള്ള പന്തല്‍ പണിയുന്നതും പൂജ ചെയ്യുന്നതുമെല്ലാം ഇവരാണ്‌.അങ്ങനെ പല സമുദായങ്ങളില്‍ പെട്ടവര്‍ തിറയാട്ടത്തിനു വേണ്ടി ഒരുമിക്കുന്നു.

No comments:

Post a Comment